PTS

‘കലാപ ഭൂമികളിലെ വാഴ്വ്’

2974 times this article was read!


വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോട് പ്രതിഷേധാത്മകമായി സംവദിക്കുന്ന കഥകളാണ് അക്ബര്‍ കക്കട്ടിലിന്റെ ‘കലാപ ഭൂമികളിലെ വാഴ്വ്’ എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിലുള്ളത്. പലപ്പോഴായി എഴുതിയ പതിനൊന്നു കഥകളുടെ സമാഹാരമാണിത്. സ്വന്തം നാട്ടിലും (നാദാപുരം) പരിസര പ്രദേശങ്ങളിലും നടക്കുന്ന മത/രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യത്യസ്ഥ ആഖ്യാനതലത്തിലും വീക്ഷണകോണിലും നോക്കിക്കാണുന്നു എന്നതാണ് ഈ സമാഹാരത്തിന്‍റെ പ്രത്യേകത. മലയാള കഥാസാഹിത്യ ചരിത്രത്തില്‍ തന്നെ പുതുമയുള്ളതാണ് ഇങ്ങനെയൊരു സമാഹാരം. ജാതിയും മതവും രാഷ്ട്രീയവും കൂടുതല്‍ സങ്കുചിതവും സങ്കീര്‍ണവും ആയിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ എവിടെ എപ്പോള്‍ വേണമെങ്കിലും ഒരു കൊലപാതകമോ കലാപമോ നടക്കാമെന്ന ഭീതി ഓരോ മനുഷ്യനും പേറിക്കൊണ്ടിരിക്കുന്നു. അത്തരമൊരു ഭീതി എഴുത്തുകാരനെയും ഭരിക്കുന്നുണ്ട്. വടക്കന്‍ പാട്ട് പുരാവൃത്തങ്ങളുടെ പാരമ്പര്യവും മത സൌഹാര്‍ദവും പ്രകൃതി സൌന്ദര്യവും ഒക്കെയുള്ള തന്റെ നാടിന് സംഭവിക്കുന്ന ദുരന്തത്തില്‍ അസ്വസ്ഥനാണ് എഴുത്തുകാരന്‍.

‘നാദാപുരം’ 

എന്ന കഥ ആ നാടിന്‍റെ സമകാലിക സാമൂഹ്യാവസ്ഥയാണ് പങ്കുവെക്കുന്നത്. സാംസ്കാരിക മുന്നേറ്റങ്ങളുടെയും വളര്‍ച്ചയുടെയും പേരിലല്ലാതെ കലാപങ്ങളുടെയും കുഴപ്പങ്ങളുടെയും പേരില്‍ മാത്രം അറിയപ്പെടുന്ന ‘നാദാപുരം’ ഒരു ചെറുദേശത്തെ മാത്രമല്ല സമകാലിക സാമൂഹ്യാവസ്ഥയിലെ നിരവധി ദേശങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. കഥാകൃത്ത് നാദാപുരത്തെകുറിച്ച് ആമുഖത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ശാന്തമായ നാദാപുരം മേഖല നല്ലമനുഷ്യരുടെ സ്നേഹസാമ്രാജ്യമാണ്. നല്ല നേരത്ത് നിങ്ങള്‍ ഇവിടെ വന്നുനോക്കൂ. അതിഥി സത്കാരം കൊണ്ട് ആളുകള്‍ നിങ്ങളെ വീര്‍പ്പുമുട്ടിക്കും. എന്നാല്‍ കുഴപ്പങ്ങളാരംഭിച്ചാലോ? ഒന്നിച്ചുണ്ണുകയും ഒരുപായയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പോലും വഴിയില്‍ കണ്ട ലോഗ്യമുണ്ടാവില്ല.’ കോളേജില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരന്‍ ജയപാലനെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍റെ നാട്ടില്‍ (നാദാപുരത്ത്) എത്തുന്ന ആരിഫിനോട് അപരിചിതനായിട്ടുപോലും ആ നാട്ടുകാര്‍ നല്ല സ്നേഹത്തിലും സൌഹൃദത്തിലുമാണ് പെരുമാറുന്നത്. ആ നാടിന്‍റെ പ്രകൃതി ഭംഗിയും നാട്ടുകാരുടെ സ്നേഹവും അയാളെ അമ്പരപ്പിക്കുമ്പോള്‍ തന്നെ ‘നല്ലനേരത്ത് മോന്‍ വന്നത് നന്നായി കുഴപ്പം ഉള്ളപ്പോഴായിരുന്നെങ്കില്‍ പെട്ടുപോയേനെ’ എന്നു കൂട്ടുകാരന്റെ അമ്മ പറയുന്നു. അപരിചിതനായ അതിഥിയോട് പോലും ചിരപരിചതരെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന ഈ നാട്ടിനെന്തു കുഴപ്പം എന്നാണ് അയാള്‍ അപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം മാറിമറിയുന്ന ആ നാടിന്‍റെ മറ്റൊരു മുഖവും അയാള്‍ കാണുന്നു. ജയപാലന്‍റെ വീട്ടിലെത്താന്‍ തന്നെ സഹായിച്ച സുമോഹനനെ അയാളെ തനിക്ക് പരിചയപ്പെടുത്തിയ മുത്തുക്കോയ കൊലപ്പെടുത്തിയ വിവരവും അയാള്‍ക്ക് കേള്‍ക്കേണ്ടിവരുന്നു. സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് സമരങ്ങളും തിളച്ചുമറിഞ്ഞ നാദാപുരം ഇപ്പോള്‍ രാഷ്ട്രീയത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ കൊലവിളി നടത്തുന്ന അവസ്ഥയിലേക്ക് വീണുപോയിരിക്കുന്നു. ഒരു ചെറു ന്യൂന പക്ഷമാന് എല്ലാ കലാപങ്ങള്‍ക്കും വഴിമരുന്നിടുന്നത്. അതൊരു വലിയ സംഘര്‍ഷമായി മാറുമ്പോള്‍ ഒന്നിലും പ്രത്യക്ഷത്തില്‍ ഭാഗവാക്കാവാത്ത സാധാരണക്കാര്‍ പലപ്പോഴും ഇരകളായിത്തീരുകയാണ് ചെയ്യുന്നത്. ‘നാദാപുരം’ എന്ന കഥ ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ്. കേരള നിയമസഭയില്‍ പോലും ഈ കഥ ചര്‍ച്ചയായിട്ടുണ്ട്.