MURALIKA MURALEEDHARAN +1C 2016-17

SHORT STORY

131 times this article was read!

ചുവന്ന ഉടുപ്പ്

    "ഓണത്തിന് അച്ഛന്‍ വരും!!". അപ്പുവിന്റെ കുഞ്ഞു ഹൃദയത്തില്‍ ആനന്ദം അലതല്ലി. അച്ഛന്റെ മുഖം അവന്‍ മറന്നു പോയിരുന്നു. അച്ഛന്‍ വന്നുപോയിട്ട് മൂന്നു വര്‍ഷത്തോളമായി എന്ന്  അമ്മ എപ്പോഴും പറയാറുണ്ട്.  അമ്മയും മുത്തശ്ശിയും എത്ര സന്തോഷത്തിലാണ്!
    അച്ഛന്‍ എവിടെയാണെന്ന് അവന്‍ അമ്മയോട് ചോദിക്കാറുണ്ട്. അപ്പോള്‍ അമ്മ പറയും അച്ഛന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന്. രാജ്യത്തെ ആക്രമിക്കാനെത്തുന്ന ശത്രുക്കളെയൊക്കെ അച്ഛന്‍ സാഹസികമായി കൊല്ലുമത്രെ! അവന്റെ മനസ്സില്‍ തന്റെ അച്ഛന്‍ സിനിമയിലെ നായകന്മാരെക്കാള്‍  വലിയ ഹീറോയാണ്. അച്ഛന്‍ തോക്കുകൊണ്ട് വെടിവയ്ക്കാറുണ്ടത്രെ! തന്നെയും കൂടി അച്ഛന്‍ അവിടേയ്ക്ക് കൊണ്ട്പോയിരുന്നെങ്കില്‍ എന്ന് അവന്‍ തീവ്രമായി ആഗ്രഹിച്ചു. അവന്റെ കൈയിലും ഉണ്ട്, സാമാന്യം വലിയൊരു തോക്ക്. അതുകൊണ്ട് പക്ഷേ, വെടിവയ്ക്കാന്‍ കഴിയില്ല. ഉല്‍സവപറമ്പില്‍ നിന്ന്  അമ്മ വാങ്ങികൊടുത്തതാണ്. " ഞാനും വലുതാവുമ്പോള്‍ വലിയൊരു പട്ടാളക്കാരനാവും." അവന്‍ അഭിമാനത്തോടെ എന്നും പറയും.

    അവന്റെ ഉല്‍സാഹം അനുദിനം വര്‍ധിച്ചുവന്നു. അച്ഛന്‍ വന്നാലുടന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റാമെന്ന് മുത്തശ്ശി പറഞ്ഞു. ഒരു കാര്യം കൂടി അവന്‍ അച്ഛനോട് ആവശ്യപ്പെടും; ഒരു ചുവന്ന ഉടുപ്പ്, ചെമ്മരിയാടിന്റെ തോലുപോലത്തേത്! 

    സ്കുളില്‍ കൂട്ടുകാരുമായി അവന്‍ തന്റെ സന്തോഷം പങ്കിട്ടു. ചിലര്‍ അവനോടൊപ്പം സന്തോഷം പങ്കിട്ടു, മറ്റു ചിലര്‍ കളിയാക്കി.
    വയല്‍ വരമ്പത്തുകൂടെ, കുട ചൂടി, ചെളി വെള്ളം തെറിപ്പിച്ചുകൊണ്ട് അവന്‍ വീട്ടിലേയ്ക്കോടി. അവിടെ എന്താണൊരാള്‍കൂട്ടം? ആരു ഒന്നും മിണ്ടുന്നില്ല. മുത്തശ്ശി ആശുപത്രിയിലാണെന്ന് ആരോ പറയുന്നത് കേട്ടു. അമ്മ  മുറിയില്‍ തളര്‍ന്നു കിടക്കുന്നു.

    " എന്തു പറ്റിയമ്മേ"? അവന്‍ ചോദിച്ചു. എന്നാല്‍ അവന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. ആ കുഞ്ഞു മനസ്സില്‍ സംഘര്‍ഷം നിറഞ്ഞു. എന്തൊക്കെയാണിവിടെ നടക്കുന്നത്?

    ഒടുവില്‍ അ മ്മാവനാണ് പറഞ്ഞത്:" അച്ഛന്‍ പോയി മോനേ..." അവന്റെ ആത്മാവില്‍ ഒരു കൊള്ളിയാന്‍ മിന്നി. ശത്രു രാജ്യത്തുനിന്നു വന്ന ഏതോ ദുഷ്ടന്‍മാരാണത്രെ അവന്റെ അച്ഛനെ കൊന്നത്! അവന് വിസ്വസിക്കാനായില്ല. ധീരനായ അച്ച്ഛന്‍, പോരാളിയായ അച്ഛന്‍! ഇതെങ്ങനെ? അപ്പോള്‍ പുതിയ വീട്? പുതിയ ഉടുപ്പ്? എല്ലാം ചോര്‍ന്നു പോയോ! അവന്റെ കണ്ണുകള്‍ ചുവന്നു. സിരകളില്‍ ഏതോ ഒരു ശക്തമായ പ്രവാഹം!

    അവന്‍ തന്റെ കളി തോക്ക് കൈയിലെടുത്തു. ഇമചിമ്മാതെ അതിലേയ്ക്കുതന്നെ നോക്കിയിരുന്നു. ആ കുഞ്ഞു നേത്രങ്ങളില്‍ ഉദിച്ചുയര്‍ന്ന ശുക്രനക്ഷത്രത്തിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല, ആരും!!